കോട്ടയം: കൂടെ കളിക്കാനാരുമില്ലാതെ മുറ്റത്തെ കത്തുന്ന വെയിലിലിരുന്ന് നിരങ്ങിനീങ്ങി കളിക്കുന്നൊരു കുഞ്ഞ്. എന്തേ കുഞ്ഞിങ്ങനെ വെയിലത്തിരിക്കുന്നു എന്നു അമ്മയോട് ചോദിച്ചപ്പോള്‍, അവരുടെ ജീവിതത്തിന്റെ സന്തോഷങ്ങളെല്ലാം കളയാന്‍ വന്ന കുഞ്ഞാണെന്നും ഇത്രപോലും പരിഗണന അര്‍ഹിക്കുന്നില്ലെന്നുമായിരുന്നു മറുപടി.
അതുകേട്ട് കൃപ സാമുവല്‍ ഞെട്ടി. തന്റെ ദൗത്യം എന്താണെന്നു തിരിച്ചറിയാന്‍ കൃപയ്ക്ക് പിന്നെ സമയം വേണ്ടിയിരുന്നില്ല. സ്പെഷല്‍ എഡ്യുക്കേറ്റര്‍ കോഴ്സ് പൂര്‍ത്തിയാക്കി അവര്‍ക്കായി എന്തെങ്കിലും ചെയ്യണമെന്നുള്ള ആഗ്രഹവുമായി അന്നുമുതല്‍ കങ്ങഴ പടിഞ്ഞാറേതില്‍ കൃപ സാമുവല്‍ വീട്ടിലും നാട്ടിലുമൊക്കെ ആര്‍ക്കും വേണ്ടാതാകുന്ന പ്രത്യേക ശ്രദ്ധ വേണ്ട കുട്ടികളുടെ അമ്മയായി സ്വയം മാറി.
18 മുതല്‍ 60 വയസുവരെയുള്ളവരാണ് കൃപയുടെ കുഞ്ഞുങ്ങള്‍. 18 കഴിഞ്ഞവര്‍ക്ക് സ്പെഷല്‍ സ്കൂളില്‍ പ്രവേശനം ലഭിക്കില്ല. അതിനാലാണ് ഈ പ്രായത്തിലുള്ളവരുടെ അമ്മയാകാന്‍ കൃപ തീരുമാനിച്ചത്.
കങ്ങഴയിലെ സ്വന്തം വീട്ടിലെ ഒരു മുറിയിലായിരുന്നു ഹില്‍ വാലി വൊക്കേഷണല്‍ ട്രെയിനിംഗ് സെന്ററിന്റെ തുടക്കം. ഇന്നത് കറുകച്ചാല്‍-മണിമല റൂട്ടില്‍ പരുത്തിമൂട് നല്ലളപ്പാറയില് ഹീരാം ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. 2015 ലാണ് ഈ ട്രെയിനിംഗ് സെന്റര്‍ ആരംഭിച്ചത്. മാനസിക വൈകല്യം, ഡൗണ്‍ സിന്‍ഡ്രോം, കേള്‍വിക്കുറവ്, കാഴ്ചക്കുറവ് എന്നിങ്ങനെ വൈകല്യങ്ങളുള്ള കുഞ്ഞുങ്ങളെയാണ് കൃപ ചേര്‍ത്തുപിടിക്കുന്നത്.
പുലര്‍ച്ചെ നാലിന് കൃപയുടെ ദിവസമാരംഭിക്കും. അമ്മ ആന്‍സിക്കൊപ്പം വീട്ടിലെ കാര്യങ്ങളൊക്കെ ചെയ്തശേഷം രാവിലെ എട്ടിന് സ്വന്തം വാഹനത്തില്‍ കുട്ടികളെ സ്കൂളിലെത്തിക്കുന്നത്, ഭക്ഷണമൊരുക്കുന്നത്, അവരുടെ ആവശ്യങ്ങളിലെല്ലാം കൂടെ നില്‍ക്കുന്നത് കൃപയാണ്.
എഴുന്നേറ്റ് നില്‍ക്കാനാകാതെ വരുന്നവരെ പതിയെ പതിയെ സ്നേഹപരിചരണത്തിലൂടെയും ചിട്ടയായ പരിശീലനത്തിലൂടെയും എഴുന്നേറ്റ് നില്‍ക്കാനും പതിയെ നടക്കാനുമൊക്കെ പ്രാപ്തരാക്കും. സംസാരിക്കാതെ വരുന്നവര്‍ അവരുടെ ആവശ്യങ്ങളും മറ്റും പതിയെ പറഞ്ഞുതുടങ്ങും. തൊഴില്‍ പരിശീലനം നല്കി ആരുമില്ലെങ്കിലും ഒരു വരുമാനം കണ്ടെത്തി ജീവിക്കാനുള്ള വഴി നല്‍കാനുള്ള ശ്രമത്തിലാണ് കൃപ.
ഇപ്പോള്‍ കൃപയുടെ കൂടെ 20 കുഞ്ഞുങ്ങളുണ്ട്. ഇവരടക്കം എഴുപതിലധികം കുഞ്ഞുങ്ങളെയും അവരുടെ കുടുംബങ്ങളെയും അരക്ഷിതാവസ്ഥകളില്നിന്നു പുതിയ ജീവിതത്തിലേക്ക് കൃപ കൈപിടിച്ചു നടത്തി. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം കുട്ടികളില്‍നിന്നു ഫീസ് ഈടാക്കുന്നില്ല.
രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് സ്കൂളിന്റെ പ്രവര്‍ത്തനം. ഹീരാം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്മാന് ശ്രീകുമാര്‍ ചക്കാല, സിനിമ-സംഗീത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഭര്‍ത്താവ് ലിജിന്‍ ബാംബിനോ, ഇവരുടെ മകന് ഒമ്പതു വയസുകാരന് ഇഷാന്, സഹോദരി കരുണ, അമ്മ ആന്‍സി എന്നിവരാണ് കൃപയുടെ ഏറ്റവും വലിയ പിന്തുണ.